ശിവ ഭഗവാനും കൂളിവാകയായി മാറിയ പാർവ്വതി ദേവിക്കും ജനിച്ച ദിവ്യപുത്രനാണ് ശ്രീ വിഷ്ണുമായ സ്വാമി. ശാസ്താവിനും മുരുകനും വിഘ്നേശ്വരനും തുല്യനായ വിഷ്ണുമായ സ്വാമി പക്ഷേ പരക്കെ ആരാധിക്കപ്പെടുന്ന ഒരു ദൈവമല്ല. പകരം പ്രത്യേക ആവശ്യങ്ങൾ നിറവേറ്റാനായി പ്രാർത്ഥിക്കുന്ന ഒരു വിഭാഗം ഭക്തരാണ് വിഷ്ണുമായ സ്വാമിയുടേത്. എളുപ്പം പ്രസാദിക്കുന്നതും സഹാനുഭൂതിയുള്ളവനുമായ ഈ ദൈവം തന്റെ ഭക്തജനങ്ങൾക്ക് എന്നും പ്രിയങ്കരനാണ്.
ഐതിഹ്യം അനുസരിച്ച് ഒരിക്കൽ പള്ളിവേട്ടക്കിറങ്ങിയ ശിവ ഭഗവാൻ കൂളിവനത്തിൽ വച്ച് വനവാസിയും അതീവ സുന്ദരിയുമായ കൂളിവാകയെ കാണാൻ ഇടയായി. അവളുടെ ഉദരത്തിൽ തന്റെ കുഞ്ഞിന് വളരാൻ ഒരു അവസരം ഒരുക്കാൻ ഭഗവാൻ ആഗ്രഹിച്ചു. ആദ്യ ദർശനത്തിൽ തന്നെ അവളുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ ഭഗവാൻ തന്റെ ഇംഗിതം ഉടനെ തന്നെ അവളോട് തുറന്ന് പറയുകയും താൻ വേട്ടക്ക് പോയി മടങ്ങിയെത്തുന്നത് വരെ കാത്തിരിക്കാനും പറഞ്ഞു.
വനത്തിൽ വച്ച് ഭഗവാൻ കാണാനിടയായ കൂളിവാക മുജ്ജന്മത്തിൽ പാർവ്വതി ദേവിയുടെ ദാസിയായ മനസ്വിനി ആയിരുന്നു. ദാസിയായിരുന്ന മനസ്വിനി കുഞ്ഞായിരുന്ന ഗണപതിക്ക് മുലയൂട്ടാൻ ശ്രമിച്ചതിന് പാർവ്വതി ദേവി കൊടുത്ത ശാപമാണ് അടുത്ത ജന്മത്തിൽ ഒരു ചണ്ടാള കുടുംബത്തിൽ ജനിക്കട്ടെ എന്നത്. കോപം ശമിച്ചതിനു ശേഷം അടുത്ത ജന്മത്തിൽ ശിവ ഭഗവാന്റെ കുഞ്ഞിനെ വളർത്താനുള്ള അവസരം ലഭിക്കട്ടെ എന്ന അനുഗ്രഹിക്കുകയും ചെയ്തു. മുജ്ജന്മത്തിൽ ഉണ്ടായ ഈ ശാപമാണ് ഇപ്പോൾ ശിവ ഭഗവാന് കൂളിവാകയോട് തോന്നിയ പ്രണയത്തിന്റെ കാരണമെന്ന് ദേവി വെളിപ്പെടുത്തി. തുടർന്ന് കൂളിവാകയുടെ ബുദ്ധിമുട്ട് മനസ്സിലാക്കി പാർവ്വതി ദേവി തന്നെ രൂപം മാറി ശിവഭഗവാനെ പ്രാപിക്കുകയും ദിവ്യശക്തികളുള്ള ഒരു കുഞ്ഞ് ഭൂജാതനാകുകയും ചെയ്തു. ശിവനും പാർവ്വതിയും ചേർന്ന് കുഞ്ഞിനെ കൂളിവാകയുടെ കയ്യിൽ വളർത്താനേൽപിക്കുകയുണ്ടായി. കുഞ്ഞ് ജലന്ധരനെന്ന ക്രൂരനായ അസുരന്റെ അന്തകനാകുമെന്നും ദേവി അറിയിച്ചു.
കൂളിവാകയോടൊപ്പം വർഷങ്ങൾ ജീവിച്ച ശേഷം പക്വത പ്രാപിച്ചപ്പോൾ കുമാരൻ തന്റെ ശരിയായ മാതാപിതാക്കളെ കുറിച്ചറിയുകയുണ്ടായി. തുടർന്ന് തന്റെ പ്രിയ വാഹനമായ പോത്തിൻ മുകളിൽ ഈഴാറയും മുഴക്കി ശിവനന്ദൻ അവരെക്കാണാൻ യാത്രയായി. മുൻപരിചയമില്ലാത്ത കുട്ടിക്ക് കൈലാസത്തിലേക്ക് പ്രവേശനം നിഷേധിച്ചപ്പോൾ അകത്ത് കയറാൻ കുമാരൻ വിഷ്ണു ഭഗവാന്റെ രൂപം പ്രാപിക്കുകയുണ്ടായി. അങ്ങനെയാണ് ' വിഷ്ണുമായ' എന്ന പേരിൽ ഈ ദേവൻ അറിയപ്പെട്ടു തുടങ്ങിയത്.
പണ്ടൊരിക്കല്‍ നായാട്ടിനിറങ്ങിയ കൈലാസനാഥന്‍ വനത്തിനുള്ളില്‍ നിന്ന് ഗന്ധര്‍വ കിന്നര സാന്നിദ്ധ്യമുള്ള ഒരു ഗാനം കേള്‍ക്കുകയും,ആ ഗാനത്തിന്‍റെ ഉറവിടം ഒരു വേടത്തരുണിയായ 'കുളിവാക' എന്ന സുന്ദരി ആണെന്ന് മനസ്സിലാക്കി അവിടെ എത്തുകയും,അവളില്‍ കാമ പരവശനായി തീരുകയും ചെയ്തുവത്രേ. മാരവൈരി ആയ ശങ്കരന്‍ തന്‍റെ ഇംഗിതം കുളിവാകയോട് പറഞ്ഞിട്ട് തിരികെ വരുന്ന സമയം അറിയിച്ച് നായാട്ടിനു പോയി.ഈ സമയത്ത്, പാര്‍വതീ ഭക്തയായ കുളിവാക ദേവിയെ സ്തുതിച്ചു പ്രത്യക്ഷപ്പെടുത്തി,തന്‍റെ വിഷമാവസ്ഥ അറിയിച്ചു. പൂര്‍വ ജന്മത്തില്‍ കൈലാസത്തിലെ പരിചാരിണി ആയിരുന്ന മനസ്വിനി എന്ന യക്ഷിണി പാര്‍വതി പുത്രനായ ഉണ്ണി ഗണപതിയെ മുലയൂട്ടുകയാല്‍ കോപം പൂണ്ട ദേവിയുടെ ശാപം കൊണ്ടാണ് ഈ ജന്മം കുളിവാക എന്ന ഇവള്‍ ചണ്‌ഡാല കുലത്തില്‍ വന്നു പിറന്നതെന്ന് ദേവി അവളെ ധരിപ്പിച്ചു.കന്യകാത്വം നഷ്ടപ്പെടും മുന്‍പ് ശിവപുത്രനെ മുലയൂട്ടാന്‍ അവസരം ലഭിച്ചാല്‍ ശാപമോക്ഷം ലഭിക്കുമെന്ന് അന്ന് അരുളിച്ചെയ്തിരുന്ന ദേവി, ഇപ്രകാരം വന്നു ഭവിച്ചത് വിധി നിര്‍ണ്ണയം ഒന്ന് കൊണ്ട് മാത്രമാണെന്നും,താന്‍ വേടത്തരുണിയുടെ വേഷം ധരിച്ച് ശ്രീ പരമേശ്വരനെ സ്വീകരിച്ചു കൊള്ളാമെന്നും പറഞ്ഞ് ആശ്വസിപ്പിച്ച് കുളിവാകയെ യാത്രയാക്കിയത്രെ. അനന്തരം മായാ കുളിവാകയായ ഉമയ്ക്ക് മഹേശ്വരനില്‍ ജനിച്ച ശിശുവിന് നല്ലൊരു പോത്തിന്‍ കുട്ടിയെ കാവലാക്കി കൈലാസത്തില്‍ എത്തിയ മഹാദേവന്‍,ആ കുട്ടിയെ അനുഗ്രഹിച്ച് കുളിവാകയെ ഏല്‍പ്പിക്കാന്‍ പാര്‍വതിയോട് അരുള്‍ ചെയ്തു. അപ്രകാരം കുളിവനത്തിലെത്തിയ ദേവി ശിശുവിന് വിഷ്ണുമായ എന്ന് നാമകരണം ചെയ്ത് കുളിവാകയെ ഏല്‍പ്പിച്ചു.
ദൈവീക ശക്തിയുള്ള സർപ്പങ്ങൾ സൗന്ദര്യത്തിനും ശക്തിക്കും അഭൗമമായ ദിവ്യശക്തികൾക്കും പേര് കേട്ടവരാണ്. നാഗരാജാവ്, നാഗയക്ഷി, കരിനാഗം, മണിനാഗം തുടങ്ങിയ ദേവതകളെയാണ് വടക്കുംപുറം ദേവസ്ഥാനത്ത് ആരാധിക്കുന്നത്. നാഗിണികൾ മനുഷ്യരൂപമെടുത്ത് ഭൂമിയിലെ മനുഷ്യരെ വിവാഹം ചെയ്തതിലൂടെ രൂപം കൊണ്ടതാണ് ഇന്ത്യയിലെ ചില രാജവംശങ്ങൾ എന്ന വിശ്വസിക്കപ്പെടുന്നു.
ഐതിഹ്യപ്രകാരം ബ്രഹ്മാവിന്റെ പേരക്കുട്ടി കദ്രുവിനും ഭർത്താവ് കശ്യപനും ജനിച്ച കുഞ്ഞുങ്ങളാണ് നാഗങ്ങൾ. ഭൂമിയിൽ ജീവിച്ചിരുന്ന നാഗങ്ങൾക്ക് എണ്ണത്തിൽ വർദ്ധനവുണ്ടായപ്പോൾ സമുദ്രത്തിലേക്ക് മാറേണ്ടി വന്നു. പാതാളത്തിലും തടാകങ്ങളുടെയും നദികളുടെയും അടിയിലും രത്നം പതിച്ച കൊട്ടാരങ്ങളിൽ അവർ രാജാക്കന്മാരായി വസിക്കുന്നു. നാഗങ്ങളിൽ ചിലർ അപകടകാരികളാണ്. എന്നാൽ മറ്റു ചിലർ മനുഷ്യരോട് സൗഹാർദം പുലർത്തുന്നു. അത്തരം നാഗദേവതകളെ ദൈവങ്ങളായി ആരാധിക്കുന്നു. നിധികേന്ദ്രങ്ങളുടെ സംരക്ഷകരായാണ് നാഗങ്ങളേപ്പറ്റിയുള്ള വിശ്വാസം. അവർ ഭൗതീക സമ്പത്തിനും ആത്മീയ സമ്പത്തിനും കാവലാകുന്നു. സ്ത്രീകളുടെ സന്താനോല്പാദന ശേഷിയിലും നാഗദേവതകൾ ചെറുതല്ലാത്ത പങ്കു വഹിക്കുന്നു
തന്ത്രശാസ്ത്രമനുസരിച്ച് നാലാമത്തെ പരാശക്തിയാണ് ഭുവനേശ്വരീ ദേവി. കാലം എന്ന സങ്കല്പമാണ് ദേവി പ്രതിനിധീകരിക്കുന്നത്. കാലത്തിനു തന്നെ വിവിധ മാനങ്ങളുണ്ട്. ഭൗതികലോകത്തെ കാലം, ആത്മീയ ലോകത്തെ കാലം എന്നിങ്ങനെ. അതിന് തന്നെ പ്രപഞ്ചത്തിലാകെയും നമ്മുടെ വിചാരങ്ങളുടെ കടന്നു ചെല്ലാനാകാത്ത ലോകത്തും പല തലങ്ങളാണുള്ളത്. ശരീരത്തിലാകട്ടെ നമ്മുടെ ഹൃദയത്തിലാണ് അനന്തമായ പ്രപഞ്ചം നിലനിൽക്കുന്നത്. അവിടെയാണ് ദേവി വസിക്കുന്നതും. നമ്മുടെ ദുരിതങ്ങളും വിഷമതകളും അകറ്റാൻ നമ്മൾ ആശ്രയിക്കുന്നതും നാം നിർമ്മിച്ചെടുക്കുന്ന ഈ കാലസങ്കല്പമാണ്.
ചിലയിടങ്ങളിൽ കാളീസങ്കല്പമായി ഭുവനേശ്വരിയെ ആരാധിക്കുന്നുണ്ട്. സമയവും കാലവും എന്ന പോലെ കാളിയും ഭുവനേശ്വരിയും അത്രമാത്രം അടുത്ത് നിൽക്കുന്ന സങ്കല്പങ്ങളായതിനാലാണത്. ഈ രണ്ട് പരാശക്തികളുടെ കൂടിച്ചേരലിലാണ് നിർമ്മിതികൾ സാധ്യമാകുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. പ്രപഞ്ചനടനത്തിന്റെ സമയക്രമങ്ങൾ കാളി നിയന്ത്രിക്കുന്നു. നടനത്തിനുള്ള കാലം ഭുവനേശ്വരിയാൽ ഒരുക്കപ്പെടുന്നു.
ഓംകാരത്തോളം തന്നെ ശക്തമായ 'ഹ്രീം' എന്ന മന്ത്രമാണ് ദേവിയുടേത്. ഹ്രീംകാരം നമ്മുടെ ഹൃദയങ്ങളെ അനന്തമായ ബോധമണ്ഡലവുമായി ബന്ധിപ്പിക്കുന്നു. ശക്തി പ്രണവവും ഹ്രീംകാരമായി അറിയപ്പെടുന്നുണ്ട്. സൗഭാഗ്യ ലക്ഷ്മി, ഭാവനോപനിഷത്, ശ്രീ സൂക്തം തുടങ്ങിയ പല ഉപനിഷത്തുകളിലും ഹ്രീംകാരത്തിന്റെ സാന്നിധ്യം കാണാം. ലളിതാ ത്രിശതിയിൽ 29 ഇടങ്ങളിലാണ് ദേവിയെ വർണ്ണിക്കാൻ ഹ്രീംകാരം പ്രയോഗിച്ചിരിക്കുന്നത്. ഭുവനേശ്വരി ദേവി ശിവ ഭഗവാനാലും വിഷ്ണുദേവനാലും ബ്രഹ്മാവിനാലും ആരാധിക്കപ്പെടുന്നു. ഭക്തരുടെ സന്തോഷത്തിനായി എപ്പോളും പ്രസന്നവദനയായി പ്രത്യക്ഷ്യയാവുന്ന ദേവിക്ക് കൈകൾ നാലാണ്. അനുഗ്രഹാശിസ്സുകളേകാൻ രണ്ടു കൈകൾ. മറ്റു രണ്ടു കൈകളിൽ പാശവും അങ്കുശവുമേന്തിയിരിക്കുന്നു. മനോഹരമായ ഉടയാടകളണിഞ്ഞവളും ആഭരണവിഭൂഷിതയുമായ ദേവിയെ വേദങ്ങൾ വിശേഷിപ്പിക്കുന്നത് ആയിരം സൂര്യന്മാരേക്കാൾ പ്രകാശമുള്ളവളും ചന്ദ്രക്കല കിരീടത്തിലണിഞ്ഞവളുമായാണ്. ആയിരം സൂര്യന്മാരുടെ പ്രകാശമുള്ളവൾ, തത്തയുടെയും മയിലിന്റെയും സൗന്ദര്യമുള്ളവൾ, പൂവിനുള്ളിലെ തേൻ, രത്നങ്ങളിൽ മാണിക്യം, നദികളിൽ ഗംഗ തുടങ്ങി വിശേഷണങ്ങൾ അനവധിയാണ് ദേവിക്ക്. സ്വയം ചിന്താമണ്ഡലത്തിൽ ഒരുക്കിയെടുത്ത മണിദ്വീപത്തിലാണ് ദേവി വസിക്കുന്നത്. ഉള്ളിൽ സ്വർണ്ണം, ഇന്ദ്രനീലം, പവിഴം, പുഷ്യരാഗം, മുത്ത്, മരതകം തുടങ്ങിയവ പതിച്ച മനോഹരങ്ങളായ കൊട്ടാരങ്ങളുള്ള മണിദ്വീപം സംരക്ഷിക്കുന്നത് അഗ്നി, ഇന്ദിര, കുബേരൻ, വായു തുടങ്ങിയ എട്ട് ദേവന്മാർ ചേർന്നാണ്.
പ്രപഞ്ചശക്തിയായ ശക്തിദേവിയുടെ ഉഗ്രരൂപമാണ് ഭദ്രകാളി. ലോകത്തിൽ ധർമ്മം നിലനിർത്തുന്നതിനായി ദാരികാസുരനെ വധിക്കാൻ ശിവന്റെ മൂന്നാം തൃക്കണ്ണിൽ നിന്നും പിറവി കൊണ്ട അവതാരമാണ് ശ്രീ ഭദ്രകാളി. അധർമ്മം പ്രവർത്തിക്കുന്നവർക്ക് ഉഗ്രമൂർത്തിയും ദയയില്ലാത്തവളുമാണ് ദേവി. ധർമ്മം പുലർത്തുന്നവർക്കാകട്ടെ ദുഷ്ടശക്തികളിൽ നിന്നും എന്നും സംരക്ഷിക്കുന്ന അമ്മയും.
ഐതിഹ്യം ഇങ്ങനെയാണ്. ഒരിക്കൽ ദേവന്മാരോട് തോറ്റ അസുരന്മാർക്ക് പാതാളത്തിലേക്ക് മടങ്ങേണ്ടതായി വന്നു. അക്കൂട്ടത്തിലെ രണ്ട് അസുരസ്ത്രീകൾ ഉഗ്രതപസ്സിലൂടെ ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തുകയും രണ്ട് ശക്തന്മാരായ പുത്രരെ ലഭിക്കാൻ അനുഗ്രഹം വാങ്ങുകയും ചെയ്തു. കാലങ്ങൾക്ക് ശേഷം അവർക്ക് ദാനവേന്ദ്രൻ, ദാരികൻ എന്നിങ്ങനെ രണ്ട് പുത്രന്മാർ ജനിച്ചു. അവർ പിന്നീട് ഉഗ്രതപസ്സിലൂടെ ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തി. അവർ നേടിയ അനുഗ്രഹം അതിശക്തമായിരുന്നു. അതിൻപ്രകാരം ആണുങ്ങൾക്കോ ദൈവങ്ങൾക്കോ പിശാചുക്കൾക്കോ അവരെ കൊല്ലാൻ കഴിയില്ല.
വരം അവിടെയും നിന്നില്ല. ആയിരം ആനകളുടെ ശക്തി ആയിരുന്നു അവർ പിന്നീട് ആവശ്യപ്പെട്ടത്. ഈ ശക്തികളെല്ലാം ഉപയോഗിച്ച് അവർ വീണ്ടും ദേവകളുമായി യുദ്ധം ചെയ്യുകയും ദേവന്മാർക്ക് സ്വർഗ്ഗം ഉപേക്ഷിച്ച് പോകേണ്ടതായും വന്നു. ദുരിതത്തിലായ ദേവന്മാർ നാരദമുനിയോട് സഹായം ആവശ്യപ്പെട്ടു. നാരദമുനി നേരെ ചെന്ന് ശിവഭഗവാനെ കാണുകയും അസുരന്മാരുടെ അധർമ്മ പ്രവൃത്തികൾ അവസാനിപ്പിക്കാൻ സഹായമാവശ്യപ്പെടുകയും ചെയ്തു. കാര്യത്തിന്റെ ഗൗരവം മനസ്സിലായ ഭഗവാൻ തന്റെ മൂന്നാം തൃക്കണ്ണ് തുറക്കുകയും അതിൽ നിന്നും ഭദ്രകാളി പിറവി കൊള്ളുകയും ചെയ്തു. ശക്തിദേവിയുടെ ഇത്തരം ഒരവതാരം സങ്കൽപ്പങ്ങൾക്ക് അതീതമായിരുന്നു. ദേവന്മാരോ അസുരന്മാരോ മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത വിധം ഘോരരൂപം പൂണ്ട ദേവി ആയിരുന്നു ഭദ്രകാളി.
തിളങ്ങുന്ന കറുപ്പ് നിറമായിരുന്നു ദേവിയുടെ ശരീരം. കത്തി ജ്വലിക്കുന്ന മൂന്ന് കണ്ണുകളും ഗുഹ കണക്കൊരു വായയും അതിൽ നിന്നും പുറത്തേക്കുന്തി നിൽക്കുന്ന നീളമുള്ള രണ്ട് മൂർച്ചയുള്ള ദംഷ്ട്രകളുമുണ്ടായിരുന്നു. അടക്കമറ്റ കറുത്ത മുടി കുത്തിയൊലിക്കുന്ന പുഴ പോലെ കിടന്നു. എണ്ണമറ്റ കരങ്ങളും അവയിലെല്ലാം പ്രത്യേകം പലതരം ആയുധങ്ങങ്ങളും ഉണ്ടായിരുന്നു. തുറിച്ച കണ്ണുകളും നീണ്ടു കിടക്കുന്ന നാവുമുള്ള ആ മുഖത്തേക്ക് നോക്കാൻ പോലും പറ്റുമായിരുന്നില്ല. ദേവിയുടെ ശക്തികളുമായി അസുരന്മാരുടെ പട താരതമ്യം ചെയ്യാൻ പോലും പറ്റില്ലായിരുന്നു. അവരെയെല്ലാം ഒരു നിമിഷാർദ്ധത്തിൽ ദേവി വധിച്ചു, ഒപ്പം ദാനവേന്ദ്രനെയും. ഒടുവിൽ ഭദ്രകാളി ദാരികന്റെ അഥവാ അധർമ്മത്തിന്റെ തലയരിഞ്ഞു!
2025 - All Rights Reserved. Design by Nellippuli paradevatha vishnumaya temple